തലശ്ശേരി : തലശ്ശേരി കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിൽ ചാക്കുകളിലാക്കി വൻതോതിൽ മാലിന്യം തള്ളി. മാലിന്യം തള്ളിയവരെ കണ്ടെത്താൽ റെയിൽവേ അധികൃതർ അന്വേഷണം തുടങ്ങി.
വ്യാഴ്യാഴ്ച രാവിലെയാണ് കുയ്യാലിയിൽ മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്. വിവാഹവീട്ടിൽനിന്നും മറ്റുംനിന്നുള്ള മാലിന്യം ഇവിടെ കൊണ്ടിട്ട് അതിനു മുകളിൽ ഓലയിട്ട് മറച്ചനിലയിലായിരുന്നു. സമീപത്ത് തണ്ണിമത്തൻ കച്ചവടം ചെയ്യുന്നവരും മാലിന്യം തള്ളിയിരുന്നു. ഇത് കച്ചവടക്കാരെകൊണ്ടുതന്നെ റെയിൽവേ അധികൃതർ നീക്കം ചെയ്യിപ്പിച്ചു.
കച്ചവടക്കാർക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പിഴ ഈടാക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
തലശ്ശേരി റെയിൽവേ പോലീസ് എസ്‌ഐ കെ.വി. മനോജ് കുമാർ, ആർപിഎഫ് ഉദ്യോഗസ്ഥരായ ഗംഗാ സന്ദീപ്, റോജൻ മാനുവൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാലിന്യം തിരിച്ചെടുപ്പിച്ചത്.