തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് പള്ളിയും സി.ഡി.എം.ഇ.എയും തമ്മിൽ ഉണ്ടാക്കിയ ലീസ് എഗ്രിമെന്റ് പ്രകാരം പാട്ടത്തിന് നൽകിയ 25 ഏക്കർ ഭൂമി സി.ഡി.എം.ഇ.എ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തളിപ്പറമ്പിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ പ്രതിവർഷ വാടക നിശ്ചയിച്ച് നൽകിയ ഭൂമി നരിക്കോട് – ഈറ്റിശേരി ഇല്ലത്തിന്റേതാണെന്ന് കാണിച്ച് സി.ഡി.എം.ഇ.എ ഹൈക്കോടതിയെ സമീപി ച്ചിട്ടുണ്ടെന്നും ഇതിന്റെ പിന്നിൽ പള്ളിയുടെ സ്വന്തമായ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും സംരക്ഷണസമിതി ആരോപിച്ചു. വഖഫ് ഭേദഗതി നിയമപ്രകാരം കേന്ദ്ര സർക്കാർ നടത്തുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ ഇന്ത്യയിലെ ജനാധിപത്യശക്തികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തിപകരുന്നതിന് പകരം സി.ഡി.എം.ഇ.എയും അതിന്റെ ഭാരവാഹികളും വഖഫ് ഭേദഗതി നിയമത്തെ പിന്തുണക്കുന്ന നിലപാടുകളാണ് എടുക്കുന്നതെന്നും മുസ്ലിംലീഗ് നേതാക്കൾ ഭാരവാഹികളായുള്ള കോളേജ് ഭരണസമിതിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും ഇതിനെതിരെ മഹല്ല് നിവാസികൾ ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ വഖഫ് സ്വത്ത് സംരക്ഷണസമിതി ചെയർമാൻ സി. അബ്‌ദുൾകരീം, സെക്രട്ടറി കെ.പി.എം റിയാസുദീൻ, ചപ്പൻ മുസ്‌തഫ, കുറിയാലി സിദിഖ് എന്നിവർ പങ്കെടുത്തു.