തിരുവനന്തപുരം: ‘സമരം സമരം ജീവിതസമരം…ജീവിക്കാനുള്ള സമരം, ആശമാരുടെ ജീവിത സമരം…’ സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്നുവരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.
‘ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നൂറുകണക്കിന് ആശാവര്‍ക്കര്‍മാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന പ്രക്ഷോഭത്തോട് മുഖംതിരിച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഫെബ്രുവരി 10-ന് ആരംഭിച്ച സമരത്തിനിടെ, ഫെബ്രുവരി 15, മാര്‍ച്ച് 20 ദിവസങ്ങളില്‍ രണ്ടുവട്ടംമാത്രമാണ് ചര്‍ച്ച നടന്നത്. 26,448 ആശപ്രവര്‍ത്തകരാണ് കേരളത്തിലുള്ളത്. മാസം 7000 രൂപയാണ് ഓണറേറിയമായി നല്‍കുന്നത്. കേന്ദ്രത്തിന്റെ സ്ഥിരം ഇന്‍സെന്റീവ് 3000 രൂപയുമാണ്.
ടെലിഫോണ്‍ അലവന്‍സ് 200 രൂപ ഉള്‍പ്പെടെ ഓരോപദ്ധതിയിലെയും പ്രകടനമനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധികമായി നല്‍കുന്നത് 3000 രൂപ. ഇങ്ങനെ, ആശമാര്‍ക്ക് ഒരുമാസത്തെ പ്രതിഫലം 13,200 രൂപയാണ്. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന 7000 രൂപ ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് പത്ത് മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു. സമരത്തെത്തുടര്‍ന്ന് അതൊഴിവാക്കിയിട്ടുണ്ട്.
ജനാധിപത്യപരമായി സമരം ചെയ്യാനും അതു തുടരാനും എല്ലാവര്‍ക്കും അവകാശമുണ്ട് എന്നായിരുന്നു ആശമാരുടെ സമരത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. അതിനെ തള്ളിപ്പറയില്ലെന്നും ആശവര്‍ക്കര്‍മാരുമായി രണ്ടുതവണ നടത്തിയ ചര്‍ച്ചയില്‍ എല്ലാകാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്യുസിഐ, അല്ലെങ്കില്‍ മഴവില്‍സഖ്യത്തിലുള്ള സംഘടനകള്‍ സര്‍ക്കാരിനെതിരേ ജനവികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാല്‍, ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതയ്ക്കിടയിലും ആശപ്രവര്‍ത്തകര്‍ക്ക് നല്ലവരുമാനം കിട്ടത്തക്കവിധം സംവിധാനമൊരുക്കാമെന്നും കേന്ദ്രസര്‍ക്കാരിനെതിരേ സമരത്തില്‍ എന്തുകൊണ്ടാണ് വിമര്‍ശനമില്ലാത്തതെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു.