കണ്ണൂര്‍: വലിയന്നൂര്‍, പാറക്കണ്ടിയില്‍ ലോട്ടറി സ്റ്റാള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ പള്ളിക്കര, മൗവ്വല്‍ സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍. മൗവ്വലിലെ അബ്ദുല്‍ ലത്തീഫ് (26), കാഞ്ഞങ്ങാട് സൗത്ത് കല്ലൂരാവിയിലെ 17കാരന്‍ എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.
മാര്‍ച്ച് 12ന് രാത്രിയിലാണ് പൂക്കണ്ടി ഹൗസിലെ കെപി നാരായണന്റെ ഉടമസ്ഥതയിലുള്ള അയ്യപ്പ ലോട്ടറി സ്റ്റാളിന്റെ ഷട്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. 35000 രൂപയും 10,000 രൂപ വില വരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ച്ച പോയത്.
അബ്ദുല്‍ ലത്തീഫ് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ലോട്ടറി സ്റ്റാളില്‍ നിന്നു കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണ്‍ കാസര്‍കോട്ട് വില്‍പ്പന നടത്തിയതായി വ്യക്തമായിട്ടുണ്ട്. പൊലീസ് സംഘത്തില്‍ എസ്.ഐ അനുരൂപ്, എ.എ,സ്.ഐ നാസര്‍, സിപിഒമാരായ റമീസ്, മിഥുന്‍, സനൂപ്, ഷൈജു എന്നിവരും ഉണ്ടായിരുന്നു.