Sunday, February 23, 2025
HomeKannurനാടിന്റെ മാറ്റത്തിനായി പുതുതലമുറയെ കേട്ട് എംഎൽഎ;പുതുമയാർന്ന നിർദേശങ്ങളുയർന്ന് കല്ല്യാശ്ശേരി സ്റ്റുഡൻറ് സഭ

നാടിന്റെ മാറ്റത്തിനായി പുതുതലമുറയെ കേട്ട് എംഎൽഎ;പുതുമയാർന്ന നിർദേശങ്ങളുയർന്ന് കല്ല്യാശ്ശേരി സ്റ്റുഡൻറ് സഭ

ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയുടെ സംരക്ഷണത്തിന് മൺസൂൺ കാലത്തെ  ട്രോളിംഗ് നിരോധനത്തിന്റെ മാതൃകയിൽ ഗ്രീൻ പ്രൊഹിബിഷൻ ഏർപ്പെടുത്തണമെന്നായിരുന്നു മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹൃദ്യയുടെ പുതുമയാർന്ന നിർദേശം. കേരളത്തിൽ ആദ്യമായി കല്ല്യാശ്ശേരിയിലെ മുഴുവൻ ക്യാമ്പസുകളിലും ഗ്രീൻ ബ്രിഗേഡ് ബറ്റാലിയന് രൂപം നൽകുകയാണെന്ന് എം വിജിൻ എംഎൽഎയുടെ മറുപടി. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കല്ല്യാശ്ശേരി മണ്ഡലത്തിൽ സംഘടിപ്പിച്ച കണ്ണൂർ ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെയും സ്റ്റുഡന്റ് സഭയിലാണ് മണ്ഡല വികസനത്തെ കുറിച്ച് എം വിജിൻ എംഎൽഎയുമായി വിദ്യാർഥികൾ സംവദിച്ചത്.
പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിൽ നടന്ന പരിപാടി തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവ് പകരുന്ന സുപ്രധാന ഇടപെടലാണ് സ്റ്റുഡന്റ് സഭ എന്ന് മന്ത്രി പറഞ്ഞു. ജനാധിപത്യം ജീവിതത്തിന്റെ എല്ലാ മേഖലയിലും പുലർത്തേണ്ട ശീലമാണ്. വ്യത്യസ്തങ്ങളായ ആശയങ്ങളും അഭിപ്രായങ്ങളും അംഗീകരിക്കലാണത്. സ്‌കൂൾതലം മുതൽ തന്നെ ജനാധിപത്യബോധം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. എം.വിജിൻ എംഎൽഎ അധ്യക്ഷനായി. നാടിന്റെ വികസനം ഏതുവിധത്തിൽ ആവണമെന്ന വിദ്യാർഥികളുടെ കാഴ്ചപ്പാടുകൾ അടുത്തറിയുന്നതിന് സ്റ്റുഡൻറ് സഭ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ് സഭയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന് 10 പേരെ ഉൾക്കൊള്ളിച്ച് വികസന പ്രവർത്തനങ്ങളുടെ ബറ്റാലിയൻ രൂപീകരിക്കുമെന്നും മന്ത്രിമാരടക്കം ഉള്ളവരുമായി ഇവർ സംവാദം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സ്റ്റുഡന്റ് സഭയ്ക്ക് ഓൺലൈനായി ആശംസകൾ അറിയിച്ചു. രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി. ജില്ലാ കളക്ടർ അരുൺ കെ വിജയൻ വിദ്യാർഥികളുമായി സംവദിച്ചു.

മണ്ഡലത്തിലെ ഹൈസ്‌കൂൾ മുതൽ ഉന്നത വിദ്യാഭ്യാസം വരെയുളള 46 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൂന്ന് വീതം വിദ്യാർത്ഥി പ്രതിനിധികളാണ് എംഎൽഎയുമായി ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചത്. നാടിന്റെ കുടിവെള്ള പ്രശ്‌നം മുതൽ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആവശ്യകത വരെ വിദ്യാർഥികൾ ഉന്നയിച്ചു. വേനൽക്കാലത്ത് തീപ്പിടുത്തം ഒഴിവാക്കാൻ മാടായിപ്പാറയിൽ ഫയർ സ്റ്റേഷൻ നിർമ്മിക്കണമെന്നായിരുന്നു മറ്റൊരാവശ്യം. സ്ഥലം ലഭ്യമായാൽ മാടായിപ്പാറയിൽ ഫയർ സ്റ്റേഷൻ ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയ്ക്ക് പുറമേ സാമൂഹിക, സാംസ്‌കാരിക, കായിക, ആരോഗ്യ മേഖലകളിലെ ആവശ്യങ്ങളും അഭിപ്രായങ്ങളുംവിദ്യാർഥികൾ പങ്കുവെച്ചു. എ ഐ ലാബ്, ലാംഗ്വേജ് ലാബ് എന്നിവ ആരംഭിക്കണമെന്നും സ്‌കൂൾ ടൂറിസം പദ്ധതി നടപ്പാക്കാവുന്ന ആശയമാണെന്നും ഐഎസ്ആർഒയുമായി സഹകരിച്ച് ബഹിരാകാശ പഠനസൗകര്യം ഒരുക്കണമെന്നും ഉൾപ്പെടെ വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.
പഠനത്തോടൊപ്പം തൊഴിൽ പരിശീലനം നൽകുന്ന പദ്ധതികൾ വേണമെന്നും വിദ്യാർഥികളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനായി ഇടപെടണമെന്നും കായിക മേഖലയിൽ മുന്നേറാനുള്ള പരിശീലനം നൽകണമെന്നും വിദ്യാർഥികൾ നിർദേശിച്ചു. വിദ്യാർഥികളുടെ ഓരോ ചോദ്യങ്ങൾക്കും എംഎൽഎ മറുപടി പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലത്തിലെ ഒരു സർക്കാർ സ്‌കൂളിൽ എ ഐ ലാബ് ആരംഭിക്കുമെന്നും പെൺകുട്ടികൾക്കായുള്ള പിങ്ക് ഫുട്‌ബോൾ അക്കാദമി ആരംഭിക്കുമെന്നും ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുമെന്നും എംഎൽഎ വിദ്യാർഥികൾക്ക് ഉറപ്പുനൽകി.
സ്റ്റുഡന്റ് സഭയിൽ പങ്കെടുത്ത സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. തുടർന്ന് ‘എന്റെ സ്വന്തം കല്ല്യാശ്ശേരി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാർഥികൾ തയ്യാറാക്കിയ ഷോർട്ട്ഫിലിമുകളിൽ നിന്നും ഒന്നാം സ്ഥാനം ലഭിച്ച വീഡിയോകൾ പ്രദർശിപ്പിച്ചു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. യു.സി. ബിവീഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് എ എസ് ബിജേഷ്, റവ. ഫാദർ രാജൻ ഫൗസ്റ്റോ, എസ് എസ് കെ പ്രോജക്ട് ഓഫീസർ ഇ സി വിനോദ്, സി വി സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!