കണ്ണൂർ കോര്പ്പറേഷൻ മേയറുടെ പത്രസമ്മേളനം.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം സി.പി.എം കൗണ്‍സിലര്‍മാര്‍ നിരന്തരം തടസ്സപ്പെടുത്തുന്നത് ജില്ലാ പഞ്ചായത്തിന്‍റേയും, കൊച്ചി കോര്‍പ്പറേഷന്‍റേയും അഴിമതി ചര്‍ച്ച ചെയ്യാതിരിക്കാനാണ്. ജില്ലാ പഞ്ചായത്തിന്‍റെ കോടിക്കണക്കിന് രൂപയുടെ അഴിമതികളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. കുട്ടികള്‍ക്ക് ശുദ്ധജലം നല്‍കാനുള്ള പദ്ധതിയില്‍പ്പോലും നിലവാരം കുറഞ്ഞ സാധനങ്ങള്‍ വാങ്ങി അഴിമതി നടത്തിയത് കുട്ടികളുടെ ആരോഗ്യത്തെപ്പോലും ബാധിക്കുന്ന വിഷയമാണ്. കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്തെ മാലിന്യം നീക്കാന്‍ കരാര്‍ നല്‍കിയത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായ ക്യൂബിക് മീറ്ററിന് 1680/- രൂപക്കാണ് ഈയിനത്തില്‍ 9.49 കോടി രൂപയാണ് നഷ്ടം വരുത്തിയത് എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. മാത്രമല്ല, മാലിന്യം നീക്കം ചെയ്യാതെ ഏക്കര്‍ കണക്കിന് സ്ഥലത്താണ് കുഴിച്ചിട്ടത് എന്നും അവിടെ ഓഡിറ്റില്‍ പരാമര്‍ശിക്കുന്നു. ഇത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊള്ളയാണ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കരാര്‍ നല്‍കിയത് വെറും 640/- രൂപക്കാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് നടപടിക്രമം പാലിച്ച് കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്നിരിക്കേ ഒരേ വിഷയം തന്നെ ഉയര്‍ത്തി കൗണ്‍സില്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നത് സി.പി.എം നടത്തിയ അഴിമതികള്‍ ചര്‍ച്ച ആവാതിരിക്കാനാണ്. മാത്രമല്ല, നഗര വികസനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കൗണ്‍സിലര്‍മാരുടെ അവകാശം നിഷേധിക്കുക കൂടിയാണ് ഇത് മൂലം ചെയ്യുന്നത്.
ബ്രഹ്മപുരത്തെ 1,49,000 ടണ്‍ നീക്കം ചെയ്തതില്‍ 29,000 ടണ്‍ ആര്‍.ഡി.എഫ് മാത്രം നീക്കം ചെയ്യുകയും 1,20,000 ടണ്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ ലോ ലൈന്‍ ഏരിയയില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തിട്ടാണ് കരാറുകാരന്‍ തുക കൈപറ്റിയത്. കുറച്ച് ഭാഗം മാത്രം മാലിന്യനീക്കം നടത്തി പ്രസ്തുത സ്ഥലത്ത് മന്ത്രി എം.ബി.രാജേഷ് ക്രിക്കറ്റ് കളിച്ച് തെറ്റിദ്ധാരണ പരത്താനാണ് ശ്രമിച്ചത്. അഴിമതി നടത്തിയ കൊച്ചിന്‍ കോര്‍പ്പറേഷന് വെള്ളപൂശുന്ന നിലപാടാണ് മന്ത്രിയുടേത്.
കണ്ണൂര്‍ കോര്‍പ്പറേഷനിന്‍ ലെഗസി വേസ്റ്റ് നീക്കവുമായി ബന്ധപ്പെട്ട് വന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഭരണസമിതിയെ കുറ്റപ്പെടുത്തുന്ന ഒരു പരാമര്‍ശവും എവിടെയും ഇല്ല.
ജനോപകാരപ്രദമായ പദ്ധതിക്ക് അനുമതി നല്‍കുക എന്നുള്ളതാണ് ഭരണസമിതിയുടെ ഉത്തരവാദിത്വം. അത് കരാറിനനുസരിച്ചും നിയമപരമായും ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ്. ബയോ മൈനിങ്ങുമായി ബന്ധപ്പെട്ട എ ജി യുടെ ഓഡിറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത് ക്രമരഹിതമായി 1.77 കോടി ചെലവഴിച്ചു എന്നതാണ്. 24042 ക്യൂബിക് മീറ്റര്‍ മാലിന്യം മാത്രം നീക്കിയതിന് 86 ലക്ഷം രൂപ നല്‍കേണ്ടിടത്ത് 73502 ക്യൂബിക് മീറ്റര്‍ മാലിന്യം നീക്കി എന്ന് പറഞ്ഞു ആകെ 2.63 കോടി രൂപ നല്‍കി എന്നതാണ് പരാമര്‍ശം.അതായത് നല്‍കിയ തുക 1.77 കോടി അധികമാണ് എന്നത്. ഇക്കാര്യത്തില്‍ ഓഡിറ്റ് സമയത്ത് തന്നെ ഇതിന്‍റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മറുപടി നല്‍കിയിട്ടുണ്ട്. പ്രസ്തുത മറുപടി ഓഡിറ്റിന്‍റെ ഭാഗമായി ചേര്‍ത്തിട്ടുമുണ്ട്. അത് മറച്ചുവെച്ചുകൊണ്ടാണ് കള്ളപ്രചരണം നടത്തുന്നത്. ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ വഴി പരിശോധിച്ചും എംബുക്കില്‍ കൃത്യമായ മെഷര്‍മെന്‍റുകള്‍ രേഖപ്പെടുത്തിയുമാണ് 73502 ക്യൂബിക് മീറ്റര്‍ നീക്കം ചെയ്തതിന്‍റെ പണം നല്‍കിയത് എന്നാണ് ഉദ്യോഗസ്ഥര്‍ ഓഡിറ്റ് മുമ്പാകെ മറുപടി നല്‍കിയിട്ടുള്ളത്. എഗ്രിമെന്‍റ് പ്രകാരം 73502 ക്യൂബിക് മീറ്റര്‍ നീക്കം ചെയ്താല്‍ എഗ്രിമെന്‍റ് തുകയായ ക്യൂബിക് മീറ്ററിന് 640 രൂപ പ്രകാരം 4 കോടി 70 ലക്ഷം രൂപ നല്‍കേണ്ടിടത്ത് ആണ് രണ്ടുകോടി 63 ലക്ഷം രൂപ നല്‍കിയത്. യഥാര്‍ത്ഥത്തില്‍ രണ്ടു കോടിയിലധികം രൂപ കുറവാണ് നല്‍കിയത്. പിന്നെ അളവിലെ വ്യത്യാസം വരുന്നത് 2021 സെപ്റ്റംബറില്‍ ആണ് NIT സര്‍വ്വേ നടത്തി മാലിന്യത്തിന്‍റെ മൊത്തം അളവ് 123832 ക്യൂബിക് മീറ്റര്‍ ആണെന്ന് കോര്‍പ്പറേഷന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് കരാറെടുത്ത കമ്പനി പ്രവൃത്തി ആരംഭിക്കുന്നത്. ഈ ഒരു വര്‍ഷക്കാലയളവില്‍ പ്രതിദിനം ഏകദേശം മൂന്ന് ടണില്‍ കുറയാത്ത മാലിന്യം ചേലോറയില്‍ എത്തുന്നുണ്ട്. മാത്രമല്ല ബയോ മൈനിങ് നടത്തി വേര്‍തിരിച്ച മാലിന്യം അവിടെനിന്ന് നീക്കാതെ കിടക്കുന്നതിനാല്‍ അവസാനം എന്‍.ഐ.ടി നടത്തിയ സര്‍വ്വേയില്‍ അതും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാര്യവും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഷര്‍മെന്‍റ് എടുത്തതിലും തുക നല്‍കിയതിലും പാകപ്പിഴകള്‍ വല്ലതും ഉണ്ടെങ്കില്‍ തന്നെ അതിന്‍റെ ഉത്തരവാദികള്‍ അത് പരിശോധിച്ച ഉദ്യോഗസ്ഥരാണ്. ഭരണാനുമതി നല്‍കുക എന്നുള്ളതാണ് ഭരണസമിതിയുടെ ഉത്തരവാദിത്വം. സാങ്കേതികമായി അളവുകളും മറ്റും പരിശോധിക്കുന്ന വൈദഗ്ദ്യം ഭരണസമിതിക്കില്ല. വസ്തുത ഇതാണെന്ന് ഇരിക്കെ ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ച് പുകമറ സൃഷ്ടിക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിന് കൃത്യമായ കാരണമുണ്ട്. സോണ്ട എന്ന കമ്പനിയാണ് നേരത്തെ മാലിന്യ നീക്കം സംബന്ധിച്ച കരാര്‍ ഏറ്റെടുത്തിരുന്നത്. അതുമായി ബന്ധപ്പെട്ട സിപിഎം ഉള്‍പ്പെട്ട വിവാദങ്ങള്‍ നമുക്ക് അറിയാവുന്നതാണ്. സിപിഎമ്മിന്‍റെ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായിരുന്ന വൈക്കം വിശ്വന്‍റെ മകളുടെ ഭര്‍ത്താവായ സി രാജകുമാറാണ് സോണ്ട കമ്പനിയുടെ ഉടമസ്ഥന്‍. സര്‍ക്കാറിലുള്ള സ്വാധീനം ഉപയോഗിച്ച് കോര്‍പ്പറേഷനില്‍ നിന്നും വലിയ തുക അടിച്ചുമാറ്റാന്‍ ശ്രമം നടത്തിയ
ആ കമ്പനിയെ ഒഴിവാക്കിയത് സിപിഎമ്മിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ പറയുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മാലിന്യ നീക്കത്തില്‍ ആദ്യം കരാര്‍ നല്‍കിയിരുന്ന പ്രസ്തുത കമ്പനിക്ക് (സോണ്ട ) നേരത്തെ നല്‍കിയ അഡ്വാന്‍സ് തുക തിരികെ കിട്ടാത്ത വിഷയവും പരാമര്‍ശിക്കുന്നുണ്ട്. അന്ന് അഡ്വാന്‍സ് നല്‍കിയത് സിപിഎമ്മിന്‍റെ ഉന്നത ഇടപെടല്‍ മൂലമാണ്. സോണ്ടാ കമ്പനി 21. 5 കോടി രൂപ ചോദിച്ചിടത്താണ് 7.92 കോടി രൂപക്ക് പൂനയിലെ കമ്പനിക്ക് കരാര്‍ നല്‍കിയത്. സോണ്ടക്ക് ടെന്‍ഡര്‍ നല്‍കിയത് ക്യൂബിക് മീറ്ററിന് 1715 രൂപക്കായിരുന്നു എന്നതും കൂടി അറിയണം.
ക്യൂബിക് മീറ്ററിന് 1300 രൂപയാണ് ശുചിത്വമിഷന്‍ പോലും നിശ്ചയിച്ചത്. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ കണക്കാക്കിയത് ക്യൂബിക് മീറ്ററിന് 1046 രൂപ. എന്നാല്‍ ഏറ്റവും കുറഞ്ഞ നിരക്കായ 640 രൂപയ്ക്കാണ് ഇപ്പോഴത്തെ കമ്പനി കരാര്‍ ഏറ്റെടുത്തത്. ഇതുമൂലം കോര്‍പ്പറേഷന് 13.5 കോടിയോളം രൂപ ലാഭം ഉണ്ടാക്കുകയാണ് ചെയ്തത്. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് വ്യാജ പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കേരളത്തിലെ ആറ് കോര്‍പ്പറേഷനില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തലത്തില്‍ പോലും നിരവധി അംഗീകാരങ്ങള്‍ ലഭിച്ച കണ്ണൂര്‍ കോര്‍പ്പറേഷനെ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ശ്രമമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇത്തരം വിഷയങ്ങള്‍ പര്‍വ്വതീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നാട് തിരിച്ചറിയും.
വാർത്താസമ്മേളനത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷരായ പി ഷമീമ, എം പി രാജേഷ്, വി.കെ ശ്രീലത,സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, മുൻ മേയർ ടി ഒ മോഹനൻ, കൗൺസിലർമാരായ കൂക്കിരി രാജേഷ് ,കെ പി അബ്ദുൽറസാഖ്, ഷബീന ടീച്ചർ , എന്നിവർ പങ്കെടുത്തു.