ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി ഗ്രാമപഞ്ചായത്തിനെയും ധർമ്മടം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് കോളാട് പുഴയ്ക്ക് കുറുകെ നിർമ്മിച്ച കോളാട് പാലം ജനുവരി 25 ശനിയാഴ്ച ഉച്ച 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോളാട് എൽപി സ്‌കൂൾ പരിസരത്ത് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും.
13.6 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കോളാട് പാലത്തിന് 26.20 നീളത്തിലുള്ള നാല് പ്രീസ്ട്രസ്ഡ് ഗർഡർ ഉൾപ്പെടെ ആകെ 179 മീറ്റർ നീളവും ഒരു ഭാഗത്ത് നടപ്പാതയോട് കൂടി 9.75 മീറ്റർ വീതിയും ഉണ്ട്. പാലത്തിന് രാവുണ്ണി പീടിക ഭാഗത്ത് 126 മീറ്റർ നീളത്തിലും, ധർമ്മടം ഭാഗത്ത് 107 മീറ്റർ നീളത്തിലും, സേട്ടു പീടിക ഭാഗത്ത് 98 മീറ്റർ നീളത്തിലും ബിഎം ആൻഡ് ബിസി ഉപരിതലത്തോട് കൂടിയ മൂന്ന് അനുബന്ധ റോഡുകളും നിർമ്മിച്ചിട്ടുണ്ട്. പാലത്തിന്റെ പടിഞ്ഞാറ് ഭാഗം സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് സേട്ടു പീടിക ഭാഗത്തു നിന്ന് സർവീസ് റോഡും നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ ഈ സർവ്വീസ് റോഡിനെ തീരദേശ റോഡുമായി ബന്ധിപ്പിക്കാൻ സാധിക്കും. ആവശ്യമായ ഡ്രെയിനേജ് സംവിധാനം, റോഡ് സുരക്ഷ സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്ങുകൾ, റിഫ്‌ളക്ടർ സ്റ്റഡുകൾ മുതലായവയും പാലത്തിൽ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ 2023-24 വർഷത്തെ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിൽ ആവശ്യമായ വൈദ്യുതി വിളക്കുകളുടെ സംവിധാനവും ഒരുക്കിയിട്ടുണ്ട്.