Saturday, November 23, 2024
HomeKannurവയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന്; വോട്ടെണ്ണൽ 23ന്

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന്; വോട്ടെണ്ണൽ 23ന്

ന്യൂഡൽഹി: വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പത്രികാ സമർപ്പണം വെള്ളിയാഴ്ച ആരംഭിക്കും.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽനിന്ന് കൂടി ജയിച്ചതോടെ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മഹാരാഷ്ട്രയിലെ നന്ദേഡ്, പശ്ചിമ ബംഗാളിലെ ബാസിർ ഹട്ട് എന്നിവിടങ്ങളിലും ഇതിനൊപ്പം ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കും. 

മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബർ 20ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. 288 അംഗ നിയമസഭയുടെ കാലാവധി നവംബറിൽ അവസാനിക്കുന്നത്. ജാർഖണ്ഡിൽ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 13നും രണ്ടാം ഘട്ടം 20നും നടക്കും. 23നാണ് വോട്ടെണ്ണൽ. 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്.

ഉത്തർ പ്രദേശിൽ 10 നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിൽ ഒമ്പതുപേർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെങ്കിൽ മറ്റൊരിടത്ത് സമാജ്‍വാദി പാർട്ടി എം.എൽ.എ ക്രിമിനൽ കേസിൽ കുടുങ്ങിയതോടെ അയോഗ്യനായതിനാലാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഗുജറാത്തിൽ രണ്ട് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!