പെരിങ്ങോം. വീട്ടിൽ അതിക്രമിച്ചു കയറിയ പത്തംഗ സംഘം യുവതിയേയും മകനേയും പ്രായപൂർത്തിയാകാത്ത മകളേയും മർദ്ദിച്ച ശേഷം വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്തുവെന്ന പരാതിയിൽ 10 പേർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു.ആലപ്പടമ്പ ചൂരൽ സ്വദേശിനി ടി.ശ്രീജയുടെ പരാതിയിലാണ് പ്രദേശവാസികളായ ഗോകുൽ, ഹരികൃഷ്ണൻ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന എട്ട് പേർക്കുമെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 10 ന് വ്യാഴാഴ്ച രാത്രി 9 മണിക്കാണ് പരാതിക്കാ സ്പദമായ സംഭവം. പരാതിക്കാരിയുടെ മകനുമായുള്ള മുൻ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ മകനെ തടഞ്ഞു നിർത്തി മരവടി കൊണ്ട് അടിക്കാൻ ശ്രമിക്കവേ തടയാൻ ശ്രമിച്ചതിന് പരാതിക്കാരിയെ കാലുകൊണ്ട് ചവിട്ടുകയും കൈ കൊണ്ട് നെഞ്ചിന് കുത്തുകയും ബഹളം കേട്ട് ഓടി വന്ന 13കാരിയായ മകളുടെ തല പിടിച്ച് ചുമരിനിടിക്കുകയും പുറത്തേക്കിറങ്ങിയ പ്രതികൾ വീടിൻ്റെ മുൻവശത്തെ4 ഓളം ഓടുകൾ വലിച്ചെടുത്ത് എറിഞ്ഞു പൊട്ടിച്ചുവെന്നും പരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.