Friday, January 31, 2025
HomeKannurകരുതലും കൈത്താങ്ങും' താലൂക്ക് അദാലത്തുകൾക്ക് സമാപനമായി: ഇരിട്ടി താലൂക്ക് അദാലത്തിൽ 146 പരാതികൾ തീർപ്പാക്കി

കരുതലും കൈത്താങ്ങും’ താലൂക്ക് അദാലത്തുകൾക്ക് സമാപനമായി: ഇരിട്ടി താലൂക്ക് അദാലത്തിൽ 146 പരാതികൾ തീർപ്പാക്കി

ഇരിട്ടി തന്തോട് സെൻറ് ജോസഫ്‌സ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ‘കരുതലും കൈത്താങ്ങും’ ഇരിട്ടി താലൂക്ക് അദാലത്തിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു എന്നിവർ 146 പരാതികൾ തീർപ്പാക്കി. ഡിസംബർ ആറ് വരെ ഓൺലൈനായും നേരിട്ടും 208 പരാതികളാണ് ലഭിച്ചത്. 230 പരാതികൾ അദാലത്ത് ദിവസം നേരിട്ട് സ്വീകരിച്ചു. ആകെ ലഭിച്ച പരാതികൾ 438. അദാലത്തിൽ 34 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു. അദാലത്തിന് മന്ത്രിമാർക്ക് പുറമെ എംഎൽഎമാരായ കെ കെ ശൈലജ ടീച്ചർ, അഡ്വ. സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പത്മചന്ദ്ര കുറുപ്പ് എന്നിവർ നേതൃത്വം നൽകി. ഇതോടെ ജില്ലയിലെ താലൂക്ക് തല അദാലത്തുകൾക്ക് സമാപനമായി.
അദാലത്തിൽ എടുത്ത തീരുമാനങ്ങൾ ഉദ്യോഗസ്ഥർ നടപ്പിലാക്കുമ്പോൾ മാത്രമേ അദാലത്തിൽ എത്തിയവർക്ക് നീതി ലഭിക്കൂവെന്ന് സമാപന ചടങ്ങിൽ പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കുന്ന ജനകീയ പരിപാടിയാണ് താലൂക്ക് അദാലത്തെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ഒ ആർ കേളു മുഖ്യാതിഥിയായി. അഡ്വ. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ, ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ ശ്രീലത, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ, പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻറണി സെബാസ്റ്റ്യൻ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പത്മചന്ദ്ര കുറുപ്പ്, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അസി. കലക്ടർ ഗ്രന്ധേ സായി കൃഷ്ണ, ഡി എം ഡെപ്യൂട്ടി കലക്ടർ കെ.വി ശ്രുതി, ഡി.എഫ്.ഒ ടി. കാർത്തിക്, ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

സരോജിനി അമ്മയ്ക്ക് കരുതൽ; അഴീക്കോട് ഗവ. വൃദ്ധസദനത്തിൽ അഭയം നൽകും

രണ്ട് മക്കളും മരിച്ച് അനാഥയായ പഴശ്ശി കയനി കുഴിക്കൽ ഹൗസിൽ സരോജിനി അമ്മയെ അഴീക്കോട് ഗവ. വൃദ്ധസദനത്തിൽ പ്രവേശിപ്പിക്കാൻ ‘കരുതലും കൈത്താങ്ങും’ ഇരിട്ടി താലൂക്ക് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദേശം നൽകി. അഞ്ച് സഹോദരങ്ങൾ ഉണ്ടെങ്കിലും ആരും സംരക്ഷിക്കാത്തതിനാൽ ഇവർ നിലവിൽ സ്വകാര്യ അനാഥാലയത്തിലാണ് താമസിക്കുന്നത്. അവിടെ നിന്ന് ഈ മാസം മാറണമെന്ന് അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് തന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്ന അഭ്യർഥനയുമായി സരോജനി അമ്മ അദാലത്തിനെ സമീപിച്ചത്. ജീവിതകാലത്ത് തന്നെ സംരക്ഷിക്കാൻ തയ്യാറാവാത്ത തന്റെ സഹോദരങ്ങൾക്കോ മറ്റ് അവകാശികൾക്കോ തന്റെ സ്വത്തുക്കൾ നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവ സർക്കാറിലേക്ക് നൽകാൻ ആഗ്രഹിക്കുന്നതായും പകരം തന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്നുമായിരുന്നു സരോജിനി അമ്മയുടെ ആവശ്യം. തന്റെ റേഷൻ കാർഡും മകളുടെ മരണ സർട്ടിഫിക്കറ്റും അനുവാദം കൂടാതെ കൈവശം വെച്ച സഹോദരങ്ങളിൽനിന്ന് അവ തിരികെ വാങ്ങിച്ചു നൽകണമെന്ന സരോജിനി അമ്മയുടെ ആവശ്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!