ഇരിട്ടി: പുലി ഭീഷണി നേരിടുന്ന ആറളം പഞ്ചായത്തിലെ ചതിരൂർ നീലായിൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ പ്രവേശിക്കാതിരിക്കാനായി നാല് കിലോമീറ്റർ നീളത്തിൽ പ്രതിരോധ സംവിധാനമെന്നനിലയിൽ താത്ക്കാലിക വേലി നിർമ്മാണം ആരംഭിച്ചു. കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് നിന്നും വളർത്തു നായയെ പിടിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ആന ഉൾപ്പെടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ സ്ഥിരം സംവിധാനമെന്ന നിലയിൽ തൂക്ക് വേലിയും ഇതോടൊപ്പം സ്ഥാപിക്കും . ഇതിനുള്ള എസ്റ്റിമേറ്റ് ഉടൻ തെയ്യാറാക്കി അംഗീകാരം വാങ്ങുമെന്നും സ്ഥലം സന്ദർശിച്ച വനം ചീഫ് കൺസർവേറ്റർ കെ.എസ്. ദീപ നാട്ടുകാർക്ക് ഉറപ്പു നൽകി.
വനാതിർത്തിയിലെ അടിക്കാടുകൾ വെള്ളിയാഴ്ച മുതൽ നാട്ടുകാരുടെ സഹായത്തോടെ വെട്ടിമാറ്റുന്ന പ്രവർത്തി തുടങ്ങി. ആറളം പഞ്ചായത്തിന്റെ സഹായത്തോടെ മേഖലയിലെ തെരുവിളക്കുകൾ കത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതോടൊപ്പം മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് 24 മണിക്കൂറും വനവകുപ്പ് പെട്രോളിങ് നടത്താനും ക്യാമ്പ് തുറക്കാനും തീരുമാനിച്ചു . കുടിവെള്ളത്തിനായി വനത്തിനുള്ളിലെ നീരുറവകൾ ശേഖരിക്കുന്നവർക്ക് അതിനുള്ള സഹായം വനംവകുപ്പ് നൽകും. പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനും മറ്റും വനത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് വിലക്കി. ഇതിനായി വനം വാച്ചർമാരുടെ സഹായം പ്രദേശവാസികൾക്ക് തേടാം.
കഴിഞ്ഞദിവസം ജനവാസ മേഖലയിൽ സ്ഥാപിച്ച കൂട് അവിടെത്തന്നെ തുടരുന്നതോടൊപ്പം ഇവിടങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും മാറ്റില്ല. കാടിനുള്ളിൽ നിന്നും കേൾക്കുന്ന വന്യമൃഗത്തിന്റെ മുരൾച്ച ഭീതിപ്പെടുത്തുന്നതായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സി സി എഫിനോട് പരാതിപ്പെട്ടു. ജനങ്ങളുടെ ആശങ്ക തീരും വരെ വനപാലക സംഘം പ്രദേശത്ത് തുടരുമെന്ന് ചീഫ് കൺസർവേറ്റർ നാട്ടുകാർക്ക് ഉറപ്പു നൽകി. വനം അസിസ്റ്റന്റ് കൺസർവേറ്റർ വി .രതീശൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റെയിഞ്ചർ പി. പ്രസാദ്, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ്, വാർഡ് അംഗം ഇ. സി.രാജു, ഫോറസ്റ്റർ പ്രകാശൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ടി. ജോസ്, അജയൻ പായം, കെ. ബി. ഉത്തമൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.