പ്രശസ്ത തബല വിദ്വാൻ ഉസ്ദാത് സക്കീര്‍ അലി ഹുസൈന് എന്ന സാക്കിർ ഹുസൈൻ യുഎസിൽ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ഹൃദയസംബന്ധമായ അസുഖം ഗുരുതരാവസ്ഥയിലെത്തിയിരുന്നു. രക്ത സമ്മര്‍ദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും സാക്കിര്‍ ഹുസൈനെ അലട്ടിയിരുന്നതായി അടുത്ത സുഹൃത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചികിത്സയ്ക്കിടെ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
1951ല്‍ മുംബയിലാണ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന് അതുല്യ സംഭാവനകള്‍ നല്കിയ സാക്കിറിന്റെ ജനനം. 1988-ല്‍ പദ്മശ്രീയും 2022-ല്‍ പദ്മഭൂഷണും 2023-ല്‍ പദ്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാല് തവണ ഗ്രാമി അവാര്‍ഡ് നേടിയ അതുല്യ പ്രതിഭയായിരുന്നു സാക്കിര്‍ ഹുസൈന്. ബയാനിൽ (തബലയിലെ വലുത്) വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്മരികത സംഗീതലോകത്ത് സാക്കിറിനെ പ്രശസ്തനാക്കിയിരുന്നു. മലയാളത്തില്‍ വാനപ്രസ്ഥം അടക്കമുള്ള ഏതാനും സിനിമകള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.