ഇരിട്ടി : തലശ്ശേരി അതിരൂപത മരിയന്‍ തീർത്ഥാടനം എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നിന്ന് ഡിസംബര്‍ 6 ന് ചെമ്പേരി ലൂര്‍ദ്ദ് മാതാ ബസലിക്കയിലേക്ക് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ഫൊറോന കൗണ്‍സിലും റീജണ്തല ഫൊറോന വികാരിമാരുടെ യോഗവും വിലയിരുത്തി. ആയിരകണക്കിന് വിശ്വാസികള്‍ കാല്‍നട തീര്‍ഥാടനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രഥമ മരിയന്‍ തീര്‍ഥാടനത്തിന് മുന്നോടിയായി 6 ന് വൈകിട്ട് 5.30 ന് എടൂരില്‍ മരിയന്‍ സന്ധ്യ നടക്കും. 7.30 ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ കുര്‍ബാന. 8.30 ന് ജപമാല റാലി എടൂരില്‍ നിന്ന് തുടങ്ങും.
30 കിലോമീറ്റര്‍ ദൂരത്തിലാണ് കാല്‍നട യാത്രയായുള്ള തീർത്ഥാടനം . എടൂരില്‍ നിന്ന് പുറപ്പെടുന്ന മരിയന്‍ തീര്‍ഥാടന യാത്രയില്‍ മാടത്തില്‍ വെച്ച് കുന്നോത്ത് ഫൊറോനയില്‍ നിന്നുള്ള സംഘം ചേരും. വിളമന വഴി ഉളിക്കലില്‍ എത്തും. 20 മിനിറ്റ് വിശ്രമം. ഉളിക്കലില്‍ നിന്ന് നെല്ലിക്കാംപൊയില്‍ ഫൊറോനയില്‍ നിന്നും മണിക്കടവ് ഫൊറോനയില്‍ നിന്നുമുള്ള സംഘങ്ങളും ഒപ്പം ചേരും. 10.30 ന് തീര്‍ഥാടന യാത്ര തുടരും. പയ്യാവൂര്‍ കണ്ടകശ്ശേരി പള്ളിയില്‍ എത്തുമ്പോള്‍ 20 മിനിറ്റ് വിശ്രമം. ചെമ്പേരി എന്‍ജിനീയറിങ് കോളജില്‍ എത്തിയ ശേഷം 4.15 ന് ചെമ്പേരി ബസലിക്കയിലേക്ക് യാത്ര തുടരും. 5 ന് ചെമ്പേരി ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സമാപനം.
ഫൊറോന കൗണ്‍സില്‍ യോഗം സെന്റ് മേരീസ് ഫൊറോന വികാരി ഫാ.തോമസ് വടക്കേമുറിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്തുക്കുട്ടി പന്തപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി വികാരി ഫാ.കുര്യാക്കോസ് കളരിക്കല്‍, വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.മാര്ട്ടിന് കിഴക്കേതലയ്ക്കല്‍, എടപ്പുഴ പള്ളി വികാരി ഫാ.പോള്‍ ചക്കാനിക്കുന്നേല്, ഉരുപ്പുംകുറ്റി പള്ളി വികാരി ഫാ.സുനില്‍ തോമസ്, ചെടിക്കുളം പള്ളി വികാരി ഫാ.പോള്‍ കണ്ടത്തില്‍, സെക്രട്ടറി വിപിന്‍ തോമസ്, എടൂര്‍ അസിസ്റ്റന്റ് വികാരി ഫാ.തോമസ് പൂകമല, കോ-ഓര്‍ഡിനേറ്റര്‍ സി.ജെ.ജോസ് ചെമ്പോത്തനാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. റീജണ്‍ തല ഫൊറോന വികാരിമാരുടെ അവലോകന യോഗത്തില്‍ ഫാ.തോമസ് വടക്കേമുറിയില്‍ (എടൂര്‍), ഫാ.ജോസഫ് കാവനാടി (നെല്ലിക്കാംപൊയില്‍), ഫാ.പയസ് പടിഞ്ഞാറെമുറിയില് (മണിക്കടവ്), ഫാ.സെബാസ്റ്റ്യന്‍ മുക്കിലക്കാട്ട് (കുന്നോത്ത്) എന്നിവര്‍ പങ്കെടുത്തു.