കണ്ണൂർ ജില്ലയിൽ വിവിധ സംഭവങ്ങളിലായി ഒറ്റദിവസം 2.26 ലക്ഷം രൂപ തട്ടിപ്പ് സംഘം കവർന്നതായി പരാതി. പോലീസ് നിരന്തരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് തട്ടിപ്പ് കൂടാൻ കാരണമെന്ന് പോലീസ് അറിയിച്ചു.
വളപട്ടണത്ത് താമസിക്കുന്ന മറുനാടൻ തൊഴിലാളിക്ക് 42,318 രൂപ നഷ്ടമായി. സാമൂഹികമാധ്യമങ്ങളിൽ പരസ്യം കണ്ട് ഡ്രോൺ വാങ്ങുന്നതിനായി പണം അയച്ചുനൽകി. എന്നാൽ, പണമോ ഓർഡർ ചെയ്ത സാധനമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വളപട്ടണം സ്വദേശിയുടെ 42,800 രൂപ തട്ടിയെടുത്തു. വാട്സാപ്പിൽ വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ടാസ്കുകൾക്കായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകുകയായിരുന്നു.
എന്നാൽ, പണമോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. പാർടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ സിറ്റി സ്വദേശിയുടെ 38,602 രൂപയും തട്ടിയെടുത്തു.
സാമൂഹികമാധ്യമത്തിൽ സ്ക്രാച്ച് ആൻഡ് വിൻ പരസ്യം കണ്ട് വാഗ്ദാനത്തിൽ ക്ലിക്ക് ചെയ്ത ധർമടത്തെ യുവതിക്ക് 3,425 രൂപ നഷ്ടമായി.
ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനത്തെക്കുറിച്ചുള്ള സന്ദേശം വാട്സാപ്പിൽ വന്നതിനെത്തുടർന്ന് പുതിയ അഡ്മിഷൻ എടുത്തുനല്കുകയാണെങ്കിൽ ലാഭം നൽകുമെന്ന് വിശ്വസിപ്പിച്ച് ധർമടം സ്വദേശിയുടെ 69,288 രൂപ തട്ടിയെടുത്തു.
കേരളത്തിൽ ഇരുന്നൂറോളം പേരുടെ പണം ഇതുപോലെ നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നു.
സുഹൃത്തെന്ന വ്യാജേന വാട്സാപ്പിൽ ചാറ്റ് ചെയ്ത മയ്യിൽ സ്വദേശിയായ യുവതിയുടെ 15,000 രൂപ തട്ടിയെടുത്തു. പിണറായി സ്വദേശിക്ക് നഷ്ടമായത് 14,998 രൂപ.
വാട്സാപ്പിൽ ട്രേഡിങ് ചെയ്യാനെന്ന് പറഞ്ഞ് പരാതിക്കാരനെ വിളിച്ച് എളുപ്പത്തിൽ ട്രേഡിങ് ചെയ്യാൻ എ ഐ സോഫ്റ്റ്വെയർ വാങ്ങാനെന്ന് വിശ്വസിപ്പിച്ചണ് പണം തട്ടിയത്.