കാടാച്ചിറ : ഭക്തിനിർവൃതിയിൽ മാവിലാക്കാവിൽ അടിയുത്സവം നടന്നു. മാവിലാക്കാവിലെ വിഷുവുത്സവത്തിന്റെ ഭാഗമായുള്ള അടിയുത്സവം മൂന്നാംപാലം നിലാഞ്ചിറ വയലിലാണ് നടന്നത്.
മൂത്ത കൂർവാടിലെയും ഇളയ കൂർവാടിലെയും കൈക്കോളന്മാർ തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ ആയിരങ്ങളാണ് എത്തിയത്. മാവിലായി വലിയ തോടിന് കിഴക്കുള്ളവർ മൂത്ത കൂർവാടും പടിഞ്ഞാറുള്ളവർ ഇളയ കൂർവാടുമായി തിരിഞ്ഞാണ് അടി നടത്തിയത്.
മാവിലാക്കാവ് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ കച്ചേരിക്കാവിൽ ചൊവ്വാഴ്ച രാത്രി അടിയുത്സവം നടന്നിരുന്നു. ഇതിന്റെ തിരിച്ചടിയാണ് മൂന്നാംപാലം വയലിൽ വ്യാഴാഴ്ച നടന്നത്. രാത്രി എട്ടോടെ തുടങ്ങിയ അടി 10 മിനിറ്റ് നീണ്ടുനിന്നു. രണ്ട് റൗണ്ട് അടി നടന്നു. ഓരോ അടിക്കും തിങ്ങിനിറഞ്ഞ കാണികൾ കൈയടിച്ചും ആർപ്പുവിളിച്ചും കൈക്കോളന്മാരെ പ്രോത്സാഹിപ്പിച്ചു.
സുധാകരൻ കൈക്കോളന്റെ നേതൃത്വത്തിലാണ് മൂത്ത കൂർവാട് അടിക്കിറങ്ങിയത്. ഇളയകൂർവാട് നിധി നെടുമ്പ്രത്തിന്റെ നേതൃത്വത്തിലാണ് ഇറങ്ങിയത്. ചെറുപ്പക്കാരുടെ ചുമലിൽ കയറിയാണ് കൈക്കോളന്മാർ തമ്മിൽ അടി നടത്തിയത്.
കുന്നോത്തിടത്തിൽ മുടിയും വില്ലാട്ടവും കഴിഞ്ഞ് ദൈവത്താർ നടപാഞ്ഞുകയറ്റം നടത്തി. ക്ഷേത്രത്തിലെത്തി വില്ലാട്ടം കഴിഞ്ഞതിനുശേഷം ദൈവത്താർ മുടി അഴിച്ചു.
ഇതിനുശേഷമാണ് കൈക്കോളന്മാർ നിലാഞ്ചിറ വയലിലെത്തിയത്. അടി കാണാൻ ജില്ലയുടെ നാനാഭാഗത്തുനിന്നും വൻ ജനാവലിയാണ് എത്തിയത്.