പയ്യന്നൂർ. നിരവധി കേസിൽഉൾപ്പെട്ട് കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് നാട്ടിലെത്തി പോലീസ് പിടിയിലായി. രാമന്തളി എട്ടിക്കുളം മടിയൻക്കുന്ന് സ്വദേശി മുല്ലക്കൊട്ടിൽ പുതിയപുരയിൽ റാഷിദിനെ(27) യാണ് പയ്യന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.ശ്രീഹരി അറസ്റ്റുചെയ്തത്. ഇന്നലെ രാത്രി 11.35 മണിയോടെയാണ് നാടുകടത്തിയ ഇയാളെ നിയമം ലംഘിച്ചതിന് എട്ടിക്കുളം മടിയൻ കുന്നിലെ വീടിന് സമീപം വെച്ച് പോലീസ് പിടികൂടിയത്. മയക്കുമരുന്ന്, അക്രമം , അടി പിടി ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ ഇയാളെ ഉത്തരമേഖലാ ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം കാപ്പ നിയമം ചുമത്തി ഇക്കഴിഞ്ഞ ജനുവരി മാസം 28ന് ആണ് നാടുകടത്തിയത്. നിയമം ലംഘിച്ച് പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.