ലഹരിക്ക് അടിമയായ മകൻ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അമ്മ മകനെ കുറിച്ച് പൊലീസിന് വിവരം നല്‍കി.
തുടർന്ന് കോഴിക്കോട് എലത്തൂർ സ്വദേശിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണം ചോദിച്ച് വീട്ടില്‍ അക്രമം നടത്തിയ ശേഷം എല്ലാവരെയും കൊന്ന് ജയിലില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ പറയുന്നു. ഗതികെട്ടാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് രാഹുലിന്റെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു. പോക്സോ കേസില്‍പ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് രാഹുല്‍.
“ഇന്നലെ രാത്രി ഞങ്ങളെ കൊല്ലുമെന്ന് ഉറപ്പിച്ച് പറഞ്ഞതുകൊണ്ടാണ് ഇന്നലെ തന്നെ പൊലീസിനെ വിളിച്ച് കാര്യം പറഞ്ഞത്. പോക്സോ കേസില്‍പ്പെട്ട് അവൻ ഒൻപത് മാസം ജയിലിലായിരുന്നു. പുറത്തിറങ്ങിയിട്ട് ഒരു വർഷം ആകാറായി. അതിനിടയില്‍ കേസിനൊന്നും ഹാജരാകാതെ വാറണ്ട് ആയി നല്‍ക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 26ന് അവൻ വീട്ടില്‍ വന്നു. വീട്ടില്‍ വരരുതെന്നാണ് ജാമ്യത്തില്‍. ഞാനിവിടെ വന്നെന്ന് പൊലീസിനോട് പറയരുതെന്നാണ് വന്നപ്പോള്‍ തന്നെ അവൻ പറഞ്ഞത്. വീട്ടില്‍ പ്രശ്നം ഒന്നുമില്ലാത്തത് കൊണ്ടും മോൻ ആയതുകൊണ്ടും ഞാൻ പൊലീസില്‍ പറഞ്ഞില്ല. പലവട്ടം ചോദിച്ചിട്ടും വന്നിട്ട് പോയി എന്നൊക്കെയാണ് പൊലീസിനോട് പറഞ്ഞത്”, അമ്മ പറഞ്ഞു.ആ സമയങ്ങളില്‍ രാഹുല്‍ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ കഴിയും തോറും രാഹുലിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. കാശ് കിട്ടിയില്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ തുടങ്ങി. രണ്ടാഴ്ച മുൻപ് കാശിനെ ചൊല്ലി വീട്ടില്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണ് പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞതെന്ന് അമ്മ പറയുന്നു. കഴുത്തിന്റെ ഞരമ്ബ് മുറിക്കുമെന്നും പൊലീസ് വന്നാല്‍ അമ്മ മുറിച്ചതാണെന്ന് ഭീഷണിപ്പെടുത്തുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി. ഇതില്‍ ഭയന്നാണ് അമ്മ പൊലീസില്‍ അറിയിക്കുന്നതില്‍ നിന്ന് പിൻമാറിയത്.
“രണ്ട് ദിവസം മുൻപ് പുറത്തുപോയി വന്നപ്പോള്‍ മൂന്ന് വയസുള്ള മകന് രണ്ട് മിഠായി വാങ്ങിക്കൊണ്ട് വന്നുകൊടുത്തു. അപ്പോള്‍ ഞാൻ ആ മിഠായി വാങ്ങി ചെക്ക് ചെയ്തു. അതവന് തീരെ പിടിച്ചില്ല. അന്നവൻ വീട്ടില്‍ ഒരുപാട് പ്രശ്നമുണ്ടാക്കി. കയ്യില്‍ കിട്ടുന്നതൊക്കെ എടുത്ത് എറിഞ്ഞു, അടിക്കാൻ വന്നു. കുട്ടിയെ എടുത്ത് എറിഞ്ഞു കളയുമെന്നും പറഞ്ഞു. അപ്പോഴും അവൻ പറയുന്നതൊന്നും ഞാൻ അത്രയ്ക്ക് വിലയ്ക്കെടുത്തില്ല”, അമ്മ പറയുന്നു. രാഹുലിന് 18-19 വയസാകുമ്ബോഴാണ് അവൻ മയക്കുമരുന്നിന് അടിമയാണെന്ന് വീട്ടുകാർ തിരിച്ചറിയുന്നത്. പക്ഷേ 13 വയസുമുതല്‍ ലഹരി ഉപയോഗിക്കുന്നുവെന്നാണ് രാഹുല്‍ പറയുന്നതെന്ന് അമ്മ കൂട്ടിച്ചേർത്തു.