കണ്ണൂർ : ഓടിക്കൊണ്ടിരിക്കെ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കാനുള്ള ബൈക്ക് യാത്രക്കാരുടെ ശ്രമത്തിനിടെ ബസ് യാത്രക്കാരന് പരിക്ക്. കണ്ടക്കൈപറമ്പിലെ പി.രാധാകൃഷ്ണ (56) നാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്. അദ്ദേഹത്തെ മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കമ്പിൽ ടൗണിൽ ചാലോട് മയ്യിൽ കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന ഐശ്വര്യ ബസിലാണ് സംഭവം. നസീർ (42), മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. തുണിയിൽ ജില്ലിക്കല്ല് കെട്ടി മർദിച്ചുവെന്നാണ് രാധാകൃഷ്ണൻ പറയുന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ അരിക് നൽകിയില്ലെന്നാരോപിച്ച് ബസ് ഡ്രൈവർ രതീഷുമായി കരിങ്കൽക്കുഴിയിൽ വെച്ച് വാക്‌തർക്കമുണ്ടായതായി പറയുന്നു.
തുടർന്ന് ബസ് കണ്ണൂരിൽനിന്ന് തിരിച്ച് മയ്യിലേക്ക് വരുന്നതിനിടെ കമ്പിൽ ടൗണിൽ തടഞ്ഞ് നിർത്തി ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് രാധാകൃഷ്ണന് മർദനമേറ്റത്. സംഭവത്തിനുശേഷം ഇറങ്ങിയോടിയ പ്രതികളെ മയ്യിൽ എസ്.ഐ. പ്രശോഭും സംഘവും കമ്പിൽക്കടവ് ഭാഗത്തുനിന്ന് പിടികൂടി. മയ്യിൽ കണ്ണൂർ ആസ്പത്രി റൂട്ടിലെ ബസ് ജീവനക്കാർക്കുനേരേ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ തടയാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് ബസ് മയ്യിൽ കൂട്ടായ്മ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഇന്ന് കമ്പില്‍ ബസാറില്‍ വച്ച് ബസ് ഡ്രൈവറെയും, യാത്രക്കാരനെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ആശുപത്രി കാട്ടാമ്പള്ളി, മയ്യില്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.