പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാംപസിൽ വൻ തീപ്പിടിത്തം. മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു. തീ മെഡിക്കൽ കോളേജ് ഭരണവിഭാഗം ഓഫീസ് കെട്ടിടത്തിന് സമീപത്തേക്ക് പടർന്നത് പരിഭ്രാന്തി പരത്തി. ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി തീയിട്ടപ്പോൾ കനത്ത കാറ്റിൽ തീ പടർന്നുകയറുകയായിരുന്നു. തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിൽ നിന്നും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി. സഹദേവന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ മൂന്ന് മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്തണവിധേയമാക്കിയത്.
മെഡിക്കൽ കോളേജ് പ്രധാന കെട്ടിടത്തിന് സമീപം നാലേക്കർ സ്ഥലവും മറ്റ് രണ്ടിടങ്ങളിലായി ഒരോ ഏക്കർ സ്ഥലവുമാണ് തീ പടർന്നത്. അഗ്നിരക്ഷാസേനയുടെ വാഹനം ചെന്നെത്താൻ കഴിയാതെ വന്നതും കനത്ത കാറ്റും തീകെടുത്തുന്നതിന് തടസ്സമായി. മുൻകാലങ്ങളിൽ വേനൽ തുടങ്ങുന്നതിന് മുമ്പ് ഫയർബെൽറ്റ് നിർമിക്കാറുണ്ടെങ്കിലും ഇത്തവണ അത് ചെയ്യാത്തതാണ് തീ പടരാൻ കാരണമായതെന്ന് പറഞ്ഞു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം.ജി. വിനോദ്കുമാർ, പാലവിള അനീഷ്, സി. അഭിനേഷ്, ജി. കിരൺ, വി. ജയൻ, പി. ചന്ദ്രൻ എന്നിവരും അഗ്നിരക്ഷാസേനാസംഘത്തിൽ ഉണ്ടായിരുന്നു.