ധർമ്മടം റെയിൽവേ സ്റ്റേഷനു സമീപം അടിപ്പാത നിർമ്മിക്കണമെന്ന് കെ. സുധാകരൻ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു
ധർമ്മടം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്ര കാർക്ക് റെയിൽവേ ലൈൻ മുറിച്ചു കടന്നാൽ മാത്രമേ ഇരുഭാഗത്തേക്കും യാത്ര ചെയ്യുവാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ പ്രധാന ഗവൺമെന്റ് കോളേജുകളിൽ ഒന്നായ ഗവൺമെന്റ് ബ്രണ്ണൻ കോളേജ് , കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ക്യാമ്പസ് , പാലയാട് ഡയറ്റ് , ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇവരൊക്കെ റെയിൽ ലൈൻ മുറിച്ച് കടന്നാണ് യാത്ര ചെയ്യുന്നത്.
നിലവിൽ ധർമ്മടം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉയരം വർധിച്ചത്തോടെ പൊതുജനങ്ങൾക്കും യാത്രക്കാർക്കും റെയിൽവേ ലൈൻ മുറിച്ചു കടക്കുവാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത് . പ്ലാറ്റ്ഫോമിന്റെ പണി പൂർത്തീകരിച്ചാൽ റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് താമസിക്കുന്നവർക്ക് അടിയന്തരമായി ആശുപത്രികളിൽ പ്പോലും എത്തിച്ചേരുവാൻ പറ്റാത്ത അവസ്ഥയുണ്ടാവും . ഈ സാഹചര്യത്തിൽ ധർമ്മടം റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനവും യാത്രക്കാരുടെ സുരക്ഷിതത്വവും മുൻനിർത്തി ധർമ്മടം റെയിൽവേ സ്റ്റേഷൻ സമീപം അടിപ്പാത നിർമ്മിക്കാനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ സുധാകരൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.