ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ അയിച്ചോത്ത് വീടിന്റെ പൂട്ട് പൊളിച്ച് 11 പവൻ സ്വർണവും 1,60000 രൂപയും കവർന്ന കേസിലെ പ്രതികളെ മുഴക്കുന്ന് പോലീസ് പിടികൂടിഅറസ്റ്റ് ചെയ്തു. കണ്ണൂർ ചിറക്കലിലെ പനമരത്തിൽ ഹൌസിൽ കെ. സന്തോഷ് (45), കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിന് സമീപം കാട്ടുകുളങ്ങര ഹൌസിൽ വി.വി. മനു (36) എന്നിവരെയാണ് മുഴക്കുന്ന് ഇൻസ്‌പെക്ടർ എ.വി. ദിനേശ്, എസ് ഐ എൻ. വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 27 ന് പുലർച്ചെ അയിച്ചോത്തെ റിട്ട. അദ്ധ്യാപകൻ വേണുഗോപാലും കുടുംബവും താമസിക്കുന്ന വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണ്ണവും ഒരു പവൻ തൂക്കം വരുന്ന ഒരു ഗോൾഡ് മെഡലും 1,60,000 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. വേണുഗോപാലിന്റെ മകനും കുടുംബവും കോഴിക്കോട് പോയി തിരിച്ചു വന്നപ്പോൾ വീട്ടിനുള്ളിൽ നിന്നും ശബ്ദം കേട്ട് തുറന്നു പരിശോധിക്കുന്നതിനിടെ മോഷ്ടാക്കൾ വീടിന്റെ പിറകുവശത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസിന് പ്രതികളെ തിരിച്ചറിയനായത്. പ്രതികളിൽ നിന്നും തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയായ സന്തോഷിന്റെ പേരിൽ വളപട്ടണം, എടക്കാട്, ചക്കരക്കൽ, കണ്ണൂർ തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. അന്വേഷണ സംഘത്തിൽ എസ് സി പി ഒ മാരായ സന്തോഷ്, സിജു, ഷിബുലാൽ, അജേഷ്, സി പി ഒ മാരായ ദിൽരൂപ്, രാകേഷ് എന്നിവരും ഉണ്ടായിരുന്നു .