ഇരിട്ടി: 66-ാമത് കണ്ണൂര്‍ ജില്ല കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ 20 മെഡല്‍ നേടി മിന്നും വിജയവുമായി കാക്കയങ്ങാട് പഴശ്ശിരാജാ കളരി അക്കാദമി. വിവിധ കളരികളില്‍ നിന്നായി എഴുന്നൂറോളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ പഴശ്ശിരാജയില്‍ നിന്ന് 40 പേരാണ് പങ്കെടുത്തത്. കൂടുതലും പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട മത്സരാര്‍ത്ഥികളില്‍ അധികപേര്‍ക്കും മെഡല്‍ നേടാനായി.
സീനിയര്‍ വിഭാഗം ചവുട്ടിപൊങ്ങലില്‍ എ.അശ്വിനിയും, ചവുട്ടിപൊങ്ങല്‍ ബിലോയില്‍ കെ.കെ. അയനയും, മെയ്യ്പയ്യറ്റില്‍ അനശ്വര മുരളീധരനും, കെട്ടുകാരിപയറ്റില്‍ കീര്‍ത്തന കൃഷ്ണ ആന്‍ഡ് അനശ്വര മുരളീധരനും സ്വര്‍ണം കരസ്ഥമാക്കി.
സബ്ജൂനിയര്‍ വിഭാഗം ചവുട്ടിപൊങ്ങലില്‍ പി.പി. വൈഗ, കെ.ജി. ശ്രീഹിത് എന്നിവര്‍ക്കാണ് സ്വര്‍ണം ലഭിച്ചത്.
സീനിയര്‍ വിഭാഗം ഉറുമിപയറ്റില്‍ അനശ്വര മുരളീധരന്‍ ആന്‍ഡ് കെ. കീര്‍ത്തന കൃഷ്ണ, ഓപ്പണ്‍ ഫൈറ്റില്‍ പി.അശ്വനി, ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വാള്‍പയറ്റില്‍ എം. അനഘ ആന്‍ഡ് പി.ദേവനന്ദ, വാളും വാളും വിഭാഗത്തില്‍ അനുഗ്രഹ് ആന്‍ഡ് കെ.എസ്. അദ്വൈത്, കെട്ടുകാരിപയറ്റില്‍ കെ.ജി. ശ്രീലക്ഷ്മി ആന്‍ഡ് സി. അനന്യ, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ചവുട്ടിപൊങ്ങലില്‍ അമൃത സന്തോഷ് എന്നിവര്‍ക്കാണ് വെള്ളി ലഭിച്ചത്.
സീനിയര്‍ വിഭാഗം മെയ്യ്പയറ്റില്‍ വി.കെ.സമൃദ, കുന്തപയറ്റില്‍ വിനയ ജഗദീഷ് ആന്‍ഡ് വി.കെ. സമൃദ, ചവുട്ടിപൊങ്ങലിലിലും ഓപ്പണ്‍ ഫൈറ്റിലും ദിയ രാജേഷ്, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉറുമിപയറ്റിലും കെട്ടുകാരിപയറ്റിലും എം.സത്വിക് ഷാജി ആന്‍ഡ് അര്‍ജുന്‍ ഷാജി, വാള്‍പയറ്റില്‍ പി.അശ്വന്ത് ആന്‍ഡ് ആരോമല്‍ ബാബു, സബ്ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ചവുട്ടിപൊങ്ങലില്‍ അര്‍ച്ചന അരുണ്‍ എന്നിവര്‍ക്ക് വെങ്കലവും ലഭിച്ചു.
2009ല്‍ ആരംഭിച്ച പഴശ്ശിരാജ കളരി അക്കാദമി അതിനുശേഷം നടന്ന എല്ലാ ജില്ലാ-സംസ്ഥാന ദേശീയ മത്സരങ്ങളിലും ഉജ്ജ്വല വിജയമാണ് നേടിയത്. ഇതിന്റെ ഭാഗമായി 16 കുട്ടികള്‍ക്ക് ഖേലോ ഇന്ത്യ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ നിരവധി കുട്ടികള്‍ പങ്കെടുക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷത്തെ ദേശീയ ഗെയിംസില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിക്കൊടുത്ത കളരി വിഭാഗത്തില്‍ മികച്ച പ്രകടനമാണ് പഴശ്ശിരാജ കളി അക്കാദമിയിലെ കുട്ടികള്‍ നടത്തിയത്. 4 പേര്‍ക്ക് നാഷണല്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടാനായി.
ഇന്ത്യന്‍ കളരിപ്പയറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ടെക്‌നിക്കല്‍ കമ്മിറ്റി അംഗവുമായ പി.ഇ. ശ്രീജയന്‍ ഗുരുക്കള്‍ ആണ് പരിശീലകനും സി. ശ്രീഷ് സഹപരിശീലകനുമാണ്. കഴിഞ്ഞ 16 വര്‍ഷമായി തികച്ചും സൗജന്യമായാണ് കളരി പരിശീലനം നടത്തിവരുന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 100 ഓളം പേരാണ് രാവിലെ പഴശ്ശിരാജ കളരി അക്കാദമിയില്‍ പരിശീലനത്തിന് എത്തുന്നത്.
ദേശീയ മാധ്യമങ്ങളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ട നിരവധി പ്രകടനങ്ങള്‍ ഇവിടുത്തെ കുട്ടികള്‍ കാഴ്ചവെച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഉള്‍പ്പെടെ ഉള്ള വേദികളില്‍ കുട്ടികള്‍ പ്രകടനം നടത്തിയിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തും കളരി പരിശീലനം പഴശ്ശിരാജ കളരി അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ബാവലിപ്പുഴയോരത്തെ ജൈവവൈവിധ്യ കേന്ദ്രവും ഔഷധ സസ്യ നേഴ്‌സറിയും ഒക്കെ ഉള്ളിടത്താണ് കളരി സ്ഥിതി ചെയ്യുന്നത്. അടുത്തമാസം നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ഗുരുക്കളും കുട്ടികളും.