എടക്കാട്: സാഹിത്യത്തെ ജനകീയവൽക്കരിക്കുന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായിക്കഴിഞ്ഞ എടക്കാട് സാഹിത്യവേദി, പ്രദേശത്തെ മുഴുവൻ കവികളെയും അണിനിരത്തി തയ്യാറാക്കിയ സമാഹാരം ‘കനൽ ചില്ലകൾ’ നാളെ പ്രകാശനം ചെയ്യും.
എടക്കാട്, കടമ്പൂർ, മുഴപ്പിലങ്ങാട്, നടാൽ, തോട്ടട തുടങ്ങിയ പ്രദേശങ്ങളിൽ എഴുത്തിൽ സജീവമായി നിൽക്കുന്ന 32 കവികളുടെ രചനകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരിൽ മുതിർന്ന പ്രശസ്ത എഴുത്തുകാരും നവാഗതരുമുണ്ട്. ഒരു ഡസൻ പെൺകവികളുടെ സാന്നിധ്യം സമാഹാരത്തെ ശ്രദ്ധേയമാക്കുന്നു. കവർചിത്രം പ്രശസ്ത ചിത്രകാരൻ ജഗേഷ് എടക്കാടും അവതാരിക ടി.വി വിശ്വനാഥനും തയ്യാറാക്കിയ സമാഹാരത്തിന്റെ എഡിറ്റർ എം.കെ അബൂബക്കറാണ്.
ഭാരവാഹികളോ കമ്മിറ്റിയോ വലുപ്പച്ചെറുപ്പ ഭേദമോ ഇല്ലാത്ത കൂട്ടായ്മയായി കഴിഞ്ഞ ഏഴുവർഷമായി സജീവ രംഗത്തുള്ള എടക്കാട് സാഹിത്യവേദി ഇതിനകം അറുപതോളം പ്രതിമാസ പരിപാടികളിലൂടെയും വാർഷിക ലിറ്റററി ഫെസ്റ്റുകളിലൂടെയും മലയാളത്തിലെ മിക്ക എഴുത്തുകാർക്കും ആതിഥ്യമരുളിയിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് 3.30 ന് എടക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ പ്രശസ്ത കവിയും പ്രഭാഷകനുമായ പി.എൻ ഗോപീകൃഷ്ണൻ കനൽചില്ലകൾ പ്രകാശനം ചെയ്യും. റീജ മുകുന്ദൻ, ടി.കെ.ഡി മുഴപ്പിലങ്ങാട്, ഡോ. എ വത്സലൻ, ഒ.എം രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും.