കുടുംബശ്രീ സംയോജിത ഫാര്‍മിങ് ക്ലസ്റ്ററുകള്‍ ആരംഭിക്കും
കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക ഉപജീവന മേഖലയില്‍ ഫാര്‍മിങ് ക്ലസ്റ്റര്‍ പദ്ധതി ആരംഭിക്കുന്നു. കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്ഷമതയും മൂല്യ വര്‍ധന സാധ്യതകളും വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് സ്ഥഥിരവരുമാനം ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക വിള ഉല്‍പാദനം, ലൈവ് സ്റ്റോക്‌സ്, മത്സ്യബന്ധനം, കാര്‍ഷിക സംരംഭങ്ങള്‍, കസ്റ്റം ഹയറിങ് സെന്റര്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ജില്ലയിലെ മാലൂര്‍, വയക്കര, ചെറുതാഴം, തില്ലങ്കേരി, കുറുമാത്തൂര്‍, പടിയൂര്‍ സിഡിഎസ് കളിലായി 300 കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ക്ലസ്റ്റര്‍ രൂപീകരിക്കുന്നത്. മൂന്ന് വര്‍ഷം കാലാവധിയില്‍ 40 ലക്ഷം രൂപ ഓരോ ക്ലസ്റ്ററുകള്‍ക്കും അനുവദിക്കും. കൃഷിയില്‍ നിന്നുള്ള മികച്ച ഉത്പാദനം കണ്ടെത്തി മൂല്യ വര്‍ധന സാധ്യത പ്രയോജനപ്പെടുത്തുന്ന ഗ്രേഡിങ്, പ്രോസസ്സിംഗ്, സോര്‍ട്ടിങ്, ബ്രാന്‍ഡിംഗ് ചെയ്ത് ഐ എഫ് സി സെന്ററുകള്‍ സ്ഥാപിച്ച് വിപണനവും നടത്തും.
കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാപഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ വനിതകളുടെ കോഫീ കിയോസ്‌ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയവരായിരിക്കണം. ഏറ്റവും കുറഞ്ഞത് രണ്ട് വനിതകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. സ്വന്തമായി കെട്ടിട സൗകര്യമുള്ള സ്‌കൂളുകളില്‍ പരമാവധി 50000 രൂപ, കിയോസ്‌ക്ക് സ്ഥാപിക്കേണ്ട സ്‌കൂളുകളില്‍ രണ്ടരലക്ഷം രൂപ എന്നിങ്ങനെ സബ്‌സിഡിയായി അനുവദിക്കും. കഫേ സ്ഥാപിക്കാനുള്ള അനുമതി പത്രം ഉള്‍പ്പെടെ അപേക്ഷയില്‍ ഉണ്ടായിരിക്കണം. ജില്ലാപഞ്ചായത്ത് അംഗീകരിച്ചു നല്‍കുന്ന നിശ്ചിത മാതൃകയില്‍ തന്നെയായിരിക്കണം കഫേ നിര്‍മ്മിക്കേണ്ടത്. അതാത് ഗ്രാമപഞ്ചായത്ത്/സി ഡി എസിന്റെ ശുപാര്‍ശയോടെ സമര്‍പ്പിക്കുന്ന അപേക്ഷ മാത്രമേ പരിഗണിക്കൂ. അപേക്ഷ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷകള്‍ നവംബര്‍ 30 നകം കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0497 2702080.
ഡോക്ടര്‍ നിയമനം
ചിറക്കല്‍ കുടുംബാരോഗ്യ കേന്ദ്രം സായാഹ്ന ഒപി യിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ ഏഴിന് രാവിലെ 10 ന് നിശ്ചിത യോഗ്യതയുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറക്കല്‍ എഫ്.എച്ച്.സി യില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0497 2777280.
വിമുക്തഭട ബോധവത്കരണ സെമിനാര്‍
കണ്ണൂര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ഒക്ടോബര്‍ 26 ന് രാവിലെ 10.30 ന് പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ സ്വാമി ആനന്ദ തീര്‍ത്ഥ ഓഡിറ്റോറിയത്തിൽ ബോധവത്കരണ സെമിനാര്‍ നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0497 2700069
കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സിഡിറ്റിന്റെ കണ്ണൂര്‍ ജില്ലാ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡിസിഎ), ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്(ടാലി), ഡി.ടി.പി, എം.എസ് ഓഫീസ്, പൈത്തണ്‍, സി പ്രോഗ്രാമിങ്ങ് കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി മിനിമം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് താഴെ ചൊവ്വ സി- ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍ : 9947763222
ടെണ്ടര്‍ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലാ ആശുപത്രി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിലുള്ള പാട്യം – ചെറുവാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടിന്റെ അന്തേവാസികളുടെ ആവശ്യത്തിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കരാറുകാര്‍/ഏജന്‍സികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 29 ന് രാവിലെ 11.30 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഡി.എം.എച്ച്.പി യുടെ ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
കുടിവെളള വിതരണത്തില്‍ നിയന്ത്രണം
അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെളള പദ്ധതിയുടെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂര്‍ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലുള്ള ചേലോറ സോണിലും അടുത്ത രണ്ടാഴ്ച കാലയളവില്‍ കുടിവെളള വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജല ജീവന്‍ മിഷന്‍ പ്രവൃത്തിയുടെ ഭാഗമായി പഴശ്ശി അണക്കെട്ടിലുളള ജല നിരപ്പ് താഴ്ത്തി നിര്‍ത്തേണ്ടി വന്ന സാഹചര്യമുള്ളതിനാല്‍ അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങില്‍ കുറവ് വരുന്നതിനാലാണ് നിയന്ത്രണം. ഫോണ്‍: 0497 2828586
സത്യവാങ്മൂലം നല്‍കണം
സര്‍ക്കസ് പെന്‍ഷന്‍ ലഭ്യമാകുന്നതിനായി ഗുണഭോക്താക്കള്‍ ഇ പി എഫ് പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്/ഇല്ല എന്നുള്ള സത്യവാങ്മൂലം നല്‍കണം. ഇതിനായി ആധാര്‍ കാര്‍ഡ്, സര്‍ക്കസ് പെന്‍ഷന്‍ അനുവദിച്ച ഉത്തരവ്, 2024-2025 സാമ്പത്തിക വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാത്തവര്‍ ബന്ധപ്പെട്ട വില്ലേജില്‍ ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍ 0497 2700645
ജില്ലാ വികസന സമിതി യോഗം 26 ന്
ഒക്ടോബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം 26 ന് ശനി രാവിലെ 11 ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.