ചെറുപുഴ: എഴുത്തച്ഛന്റെ അക്ഷര ശില്പവും ജ്ഞാനമയി, മഹാഗ്രന്ഥം തുടങ്ങിയ പ്രസിദ്ധ ശില്പങ്ങളും നിർമ്മിച്ച് ശ്രദ്ധേയനായ ഷിബു വെട്ടത്തെ കണ്ണൂർ കക്കോട് ചെറുശ്ശേരി ഗ്രാമത്തിലെ നവപുരം മതാതീത ദേവാലയം ശില്പ കലാശ്രീ പുരസ്കാരം നൽകി ആദരിച്ചു.
മലപ്പുറം ജില്ലയിൽ തിരൂർ പരിയാപുരം സ്വദേശിയായ ഷിബു സിനിമ കലാസംവിധായകൻ, ശില്പി , ചിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
നവപുരം മതാതീത ദേവാലയത്തിന്റെ വിദ്യാരംഭത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ പുരസ്കാര സമർപ്പണം നടത്തി.
ദേവാലയത്തിൽ കലാസാഹിത്യ സഭ അനിൽമാരാത്ത് ഉദ്ഘാടനം ചെയ്തു. നാട്ടുവർത്തമാനങ്ങളുടെ സദസ്സായ പായ്യാരക്കൂട്ടത്തിന്റെ ഉദ്ഘാടനം പ്രമോദ് കൂവേരി നിർവഹിച്ചു. ദേവാലയത്തിലെ വഴിപാടും പ്രസാദവും പുസ്തകങ്ങളാണ്. ഇവിടെ പുസ്തകം സമർപ്പിക്കാനും പ്രസാദമായി പുസ്തകം കൈപ്പറ്റാനും കാവ്യാർച്ചനയ്ക്കും ചെറുശ്ശേരി കലാസാഹിത്യ സഭയിൽ പങ്കെടുക്കാനുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ എത്തുന്നു.
ദേവാലയത്തിൽ ശില്പി ഷിബു വെട്ടത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ശില്പങ്ങൾ ശില്പികളും എഴുത്തുകാരും നർത്തകരും സംഗീതജ്ഞരും ചേർന്ന് അനാച്ഛാദനംചെയ്തു. സാംസ്കാരിക സമ്മേളനത്തിൽ എം ബാലകൃഷ്ണൻ, പ്രമോദ് കൂവേരി, അജിത്ത് കൂവോട്,അനിൽ പുനർജനി, ജിജു ഒറപ്പടി, ഷിനോജ് കെ ആചാരി, ആനന്ദകൃഷ്ണൻ എടച്ചേരി, കൊഴുമ്മൽ തമ്പാൻ മേലാചാരി, ആർച്ച ആശ കോട്ടയം, ആനന്ദകൃഷ്ണൻ എടച്ചേരി, സുനിൽ വിസ്മയ,കുഞ്ഞപ്പൻ തൃക്കരിപ്പൂർ, രാജേഷ് കുറുമാത്തൂർ, പയ്യന്നൂർ വേണു, മഹേഷ് പരിയാരം,ജോമോൻ ജോർജ്, ജോൺസൺ തുടിയംപ്ലാക്കൽ, തമ്പി പി ടി, ടി കെ മാറിയിടം, ശ്രീലത മധു പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു.