2024-25 സീസണിലേക്കുള്ള കേരള രഞ്ജി ട്രോഫി ടീമിലേക്ക് കണ്ണൂർക്കാരായ അക്ഷയ് ചന്ദ്രനും സൽമാൻ നിസാറും തെരഞ്ഞെടുക്കപ്പെട്ടു.സച്ചിൻ ബേബിയാണ് കേരള ക്യാപ്റ്റൻ. ഒക്ടോബർ 11 ന് തിരുവനന്തപുരത്ത് വെച്ച് പഞ്ചാബുമായും,18 ന് കർണ്ണാടകയുമായും, 26 ന് ബംഗാളുമായും,നവംബർ 6 ന് ഉത്തർ പ്രദേശുമായും,13 ന് ഹരിയാനയുമായും,ജനുവരി 23 ന് മധ്യപ്രദേശുമായും ,30 ന് ബീഹാറുമായും കേരളം ഏറ്റുമുട്ടും.
ഇടംകയ്യൻ സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് ചന്ദ്രൻ തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമാണ്.രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റുകളിൽ സ്ഥിര സാന്നിദ്ധ്യമായ അക്ഷയ് ചന്ദ്രൻ 2015 ൽ ആണ് രഞ്ജി ട്രോഫി കേരള ടീമിൽ ആദ്യമായി കളിക്കുന്നത്.അരങ്ങേറ്റ രഞ്ജി ട്രോഫി മൽസരത്തിൽ തന്നെ സർവീസസ് ടീമിനെതിരെ 39 റൺസിന് 6 വിക്കറ്റ് വീഴ്ത്തി മികവുറ്റ പ്രകടനം കാഴ്ച വെച്ചു.2023-24 സീസണിൽ തിരുവനന്തപുരം സെൻറ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി മൽസരത്തിൽ ബംഗാളിനെതിരെ കേരളം വിജയിച്ച മൽസരത്തിൽ ആദ്യ ഇന്നിങ്ങ്സിൽ 222 പന്തിൽ 9 ഫോറുകളടക്കം 106 റൺസും രണ്ടാം ഇന്നിങ്ങ്സിൽ 36 റൺസും ,വിസിയനഗരത്ത് നടന്ന രഞ്ജി ട്രോഫി മൽസരത്തിൽ ആന്ധ്രക്കെതിരെ 386 പന്തിൽ 20 ഫോറുകളടക്കം 184 റൺസെടുത്തു തുടർച്ചയായ രണ്ടാം സെഞ്ച്വറിയും, 2022-23 സീസണിൽ ഝാർഖണ്ഡിനെതിരെയുള്ള 150 റൺസും 2016-17 സീസണിൽ സർവീസസിനെതിരെ പുറത്താകാതെ നേടിയ 102 റൺസും അക്ഷയ് ചന്ദ്രൻറെ കേരളത്തിന് വേണ്ടിയുള്ള മികച്ച ഇന്നിങ്ങ്സുകൾ ആയിരുന്നു.അണ്ടർ 16 ,അണ്ടർ 19,അണ്ടർ 22,അണ്ടർ 25,കേണൽ സി കെ നായിഡു ട്രോഫി കേരള ടീമുകളെ നയിച്ചിട്ടുണ്ട്. ക്യാപ്റ്റനായിരിക്കെ അണ്ടർ 22 ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പ് കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്.ചരിത്രത്തിൽ ആദ്യമായി കേണൽ സി കെ നായിഡു ട്രോഫിയിൽ മുംബൈയെ തോൽപ്പിച്ച ടീമിൻറെ നായകനാണ്.കണ്ണൂർ എസ് എൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അക്ഷയ് ചന്ദ്രൻറെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാഭ്യാസം തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു. തലശ്ശേരി പാറാൽ ഗോവിന്ദം വീട്ടിൽ ടി.കെ രാമചന്ദ്രൻറേയും ശാന്തി ചന്ദ്രൻറേയും മകനാണ് .മാനസ് ചന്ദ്രൻ ഏക സഹോദരനാണ് .
2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിൻറെ ഭാഗമായിരുന്നു സൽമാൻ നിസാർ.2023-24 സീസണിൽ വിസിയനഗരത്ത് നടന്ന രഞ്ജി ട്രോഫി മൽസരത്തിൽ ആന്ധ്രക്കെതിരെ സൽമാൻ നിസാർ 58 റൺസെടുത്തു. തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സൽമാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരള സീനിയർ ടീം,അണ്ടർ 23, അണ്ടർ 19,അണ്ടർ 16,അണ്ടർ 14 കേരള ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് .സ്ഥിരതയാർന്ന പ്രകടനമാണ് ഇടം കൈയ്യൻ മധ്യനിര ബാറ്റ്സ്മാനായ സൽമാനെ ഇത്തവണയും കേരള ടീമിലേക്ക് സ്ഥാനമുറപ്പിക്കാൻ സഹായിച്ചത്.തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാട്ടേഴ്സിനടുത്ത് ബയ്ത്തുൽ നൂറിൽ മുഹമ്മദ് നിസാറിൻറെയും നിലോഫറിൻറേയും മകനായ സൽമാൻ നിസാർ ഇംഗ്ലീഷ് ബിരുദധാരിയാണ്. ലുക്ക്മാൻ ,മിഹ്സാൻ എന്നിവർ സഹോദരങ്ങളാണ്.