പയ്യന്നൂർ: കുഞ്ഞിമംഗലംമല്യോട്ട് സംഘർഷമൊഴിവാക്കാൻ ശ്രമിച്ച പോലീസിനെ തടയുകയും ആക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിൽ കഴിയുക യായിരുന്ന സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി. സി പി എം പ്രവർത്തകൻ പ്രിയേഷ് കുഞ്ഞിമംഗലം (38) ത്തെ പയ്യന്നൂർ കോടതി റിമാൻ്റ് ചെയ്തു.
കഴിഞ്ഞ ആഗസ്ത് 21 ന് വൈകുന്നേരം ആറരയോടെ കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ മല്ലിയോട്ട് ക്ഷേത്രത്തിന് സമീപമാണ് ഡ്യൂട്ടിക്കിടെ
പയ്യന്നൂർ എസ്ഐ സി. സനീദിനെ കയ്യേറ്റം ചെയ്തത്.
ലോക് സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കുഞ്ഞിമംഗലത്ത് തീയ്യ ക്ഷേമ മഹാസഭയുടെ പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ഇതിനിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതറിഞ്ഞ് പയ്യന്നൂർപോലീസ് സ്ഥലത്തെത്തിയിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണമാണ് സംഭവ ദിവസം വീണ്ടും സംഘർഷാവസ്ഥയുണ്ടായത്.
തീയ്യക്ഷേമ മഹാസഭയും ക്ഷേത്രസംരക്ഷണ സമിതി പ്രവർത്തകരും നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം സംഘർഷാവസ്ഥ നിലനിൽക്കുന്നതായ വിവരമറിഞ്ഞെത്തിയതായിരുന്നു എസ് ഐ സനീ ദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം. സംഭവസ്ഥലത്ത് സിപിഎം പ്രവർത്തകർ സംഘടിക്കുകയും ലഹളയുണ്ടാക്കി പരിഭ്രാന്തിപരത്തി ഗതാഗത തടസമുണ്ടാക്കുകയും ചെയ്യുന്നത് കണ്ട് മാറിപ്പോകാൻ എസ് ഐ പല തവണ ആവശ്യപ്പെട്ടു. ഇത് ഗൗനിക്കാതെ തീയ്യക്ഷേമ സമിതി ഓഫീസിന് സമീപത്തേക്ക് മുദ്രാവാക്യം വിളിയോടെ എത്തിയ സംഘം അവിടെ നിന്നിരുന്ന ഒരാളെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പോലീസ് സംഘത്തെ ആക്രമിച്ചത്. എസ് ഐ യെ അടിക്കുകയും തള്ളിത്താഴെയിടുകയും യൂണിഫോം പിടിച്ച് വലിക്കുകയും ചെയ്തപ്പോൾ തടയാനെത്തിയ പോലീസുകാരനേയും ആക്രമിക്കുകയായിരുന്നു അക്രമത്തിൽ പയ്യന്നൂർ എസ്.ഐ. സി.സനീതിനും കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂർ റൂറൽ ജില്ലാ ഹെഡ് കോർട്ടേഴ്സിലെ സിപിഒ കെ.ലിവിനും പരിക്കേറ്റിരുന്നു. സംഭവത്തിൽ കുഞ്ഞിമംഗലത്തെ സിപിഎം പ്രവർത്തകരായ പ്രിയേഷ്, സന്തോഷ്,ഹർഷാദ് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന അഞ്ച് പേർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് പ്രതികളിലൊരാൾ കോടതിയിൽ ഇന്നലെ കീഴടങ്ങിയത്.