66-ാമത് സംസ്ഥാനതല സ്‌കൂൾ ഗെയിംസിന്റെ ഗ്രൂപ്പ്-3 മത്സരങ്ങൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി ഇനത്തോടെ ആരംഭിച്ച ഗ്രൂപ്പ്-3 മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മുഴുവൻ സ്‌കൂളുകൾക്കും സ്പോർട്സ് കിറ്റുകൾ നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ഒന്നാമതെത്തുന്ന കണ്ണൂർ ജില്ലയിലെ കുട്ടികൾക്ക് അവർ പങ്കെടുത്ത മത്സരയിനത്തിലെ ഉപകരണം നൽകും. മത്സരാർഥികൾക്ക് അവരവരുടെ ജില്ലകളിലേക്ക് വിജയ സമ്മാനങ്ങൾ കൊണ്ടുപോകാൻ സാധിക്കണം. സംസ്ഥാനത്ത് കലാമത്സരങ്ങൾക്ക് ലഭിക്കുന്ന പ്രാധാന്യം കായിക മത്സരങ്ങൾക്ക് ലഭിക്കേണ്ടതുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഒക്ടോബർ ഒമ്പത് വരെ കണ്ണൂരിലെ വിവിധ വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ റെസ്ലിങ് മത്സരങ്ങളും തായ്‌ക്കോണ്ടോ മത്സരങ്ങളുമാണ് നടക്കുക. ബാസ്‌കറ്റ്ബോൾ മത്സരം തലശ്ശേരി ബാസ്‌കറ്റ്ബോൾ ഇൻഡോർ സ്റ്റേഡിയത്തിലും യോഗാസന മത്സരങ്ങൾ കണ്ണൂർ ജി.വ.ിഎച്ച്.എസ്.എസ് സ്പോർട്‌സിലും ജിംനാസ്റ്റിക്സ് മത്സരങ്ങൾ തലശ്ശേരി സായി സെന്ററിലും ആർച്ചറി മത്സരം കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലും നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 2000 ത്തോളം കായികപ്രതിഭകൾ മത്സരിക്കുന്നു. സംസ്ഥാന സ്‌കൂൾ കായിക മേള നവംബർ നാല് മുതൽ 11 വരെ കൊച്ചിയിൽ നടക്കും.
കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷനായി. സംസ്ഥാന സ്പോർട്സ് ഓർഗനൈസർ ഡോ. സി.എസ് പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ പവിത്രൻ, ഹയർ സെക്കൻഡറി കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഇ.സി വിനോദ്, ആർ.ഡി.എസ്.ജി.എ കണ്ണൂർ സെക്രട്ടറി സി.എം നിധിൻ, ജില്ലാ സ്പോർട്സ് കോ ഓർഡിനേറ്റർ പി.പി മുഹമ്മദലി എന്നിവർ പങ്കെടുത്തു.