തലശ്ശേരി: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് (എ.ഡി.എം) കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വെള്ളിയാഴ്ച വിധി പറയും. ഒക്ടോബർ 29-നാണ് ദിവ്യ അറസ്റ്റിലായത്. 11 ദിവസമായി കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ്.
ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകനും രണ്ടുമണിക്കൂർ നീണ്ട വാദം നടത്തിയിരുന്നു. കേസ്ഡയറി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കളക്ടറോട് എ.ഡി.എം കുറ്റസമ്മതം നടത്തിയതെന്തിനെന്നാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ദിവ്യയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവരും. ഇല്ലെങ്കിൽ വീണ്ടും ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകാം. പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുക, തെളിവ് ശേഖരണം പൂർത്തിയാകുക തുടങ്ങിയ കഴിഞ്ഞാൽ ഈ കോടതിയിൽനിന്നുതന്നെ ജാമ്യം കിട്ടാൻ സാധ്യതയേറും.